Alathiyoor Perumthrikkovil Temple

History

ചരിത്ര പ്രസിദ്ധമായ ശ്രീ ആലത്തിയൂർ പെരും തൃക്കോവിൽ (ഹനുമാൻകാവ് )  ക്ഷേത്രം മൂവായിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് ശ്രീ വസിഷ്ഠ മഹർഷിയാൽ പ്രതിഷ്ഠ നടത്തിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. സാമൂതിരി രാജാവിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ ആലത്തിയൂർ പൊയ്‌ലിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി  ചെയ്യുന്നു. ഇവിടെ ഉത്തമപുരുഷനായ ശ്രീ രാമസ്വാമി , സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ശ്രീ ഹനുമാൻസ്വാമിക്ക്  സീതാദേവിയോട് ഉണർത്തുവാനുള്ള അടയാളവാക്യം ചെവിയിൽ പറഞ്ഞു കൊടുക്കുന്നതും  ഈ അടയാളവാക്യം ശ്രവിക്കുവാൻ  ഹനുമാൻ സ്വാമി തന്റെ തല സ്വൽപം ഇടതുവശത്തേക്ക്  ചരിച്ച് പിടിച്ച രീതിയിലുമാണ് പ്രതിഷ്ഠ. ഈ അടയാളവാക്യം അനുജനായ ലക്ഷ്മണൻ കേൾക്കരുത്  എന്നത്കൊണ്ട് ലക്ഷ്മണ ശ്രീ കോവിൽ നാലമ്പലത്തിന്‌ പുറത്ത് വടക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്നു .

ഇത്രയും വലിയ ഭഗവത് കാര്യസാദ്ധ്യത്തിനായി ഇവടെ നിന്ന് പുറപ്പെടുന്ന കാരണം കൊണ്ട് തന്നെ ഇവടെ കാര്യസിദ്ധിക്ക് വളരെ  പ്രാധാന്യം ഉണ്ട് . കാര്യസിദ്ധിയായി  ഹനുമാന് പ്രധാന നിവേദ്യം ഒരു പൊതി കുഴച്ച അവിലും ശ്രീരാമസ്വാമിക്ക് പഞ്ചസാര പായസവും ആണ് . കാര്യസിദ്ധിക്കായി ധാരാളം  ഭക്തജനങ്ങൾ ഇപ്പോഴും ക്ഷേത്ര ദർശനത്തിനായി വന്നുകൊണ്ടിരിക്കുന്നു . കേരളത്തിലെ ഹൈന്ദവ ഗൃഹങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ പേടി സ്വപ്നം കാണാതിരിക്കാൻ ഉറങ്ങുന്നതിന് മുമ്പ്  ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട് .

“ആലത്തിയൂർ ഹനുമാനെ , പേടിസ്വപ്നം കാണരുതേ , പേടിസ്വപ്നം കണ്ടാലോ , വാല് കൊണ്ട് തട്ടി ഉണർത്തണേ”

ക്ഷേത്രത്തിന് സമീപത്തായി ഹനുമാൻ സമുദ്രലംഘനം  നടത്തിയതിനെ അനുസ്മരിക്കാനായി കല്ലുകൊണ്ട് ഒരു തറ സ്ഥിതി ചെയ്യുന്നു തറയുടെ അറ്റത്തായി നീളത്തിൽ കാണുന്ന കരിങ്കല്ല് സമുദ്രമായാണ് സങ്കല്പം. ഭക്തർ ഓടിവന്ന് ഈ കരിങ്കല്ല്  (സമുദ്രം) തൊടാതെ ചാടുന്നു. ഹനുമാൻ സ്വാമി സമുദ്രലംഘനം  ചെയ്തതിന്റെ പ്രതീകമായാണ്  ഇങ്ങനെ ചാടുന്നത് . പ്രത്യേകിച്ച്  കുട്ടികൾക്ക് ഹനുമദ്  കടാക്ഷത്താൽ ആയുരാരോഗ്യം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു . നിരവധി പുനർനിർമ്മാണ പ്രവർത്തനങ്ങൾ  ഇതിനോടകം നടന്നുകഴിഞ്ഞ ഈ ക്ഷേത്രത്തിൽ ഇനിയും ധാരാളം പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനായി ബാക്കിയുണ്ട് .

ആയത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ  പ്രതീക്ഷിക്കുന്നു