മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി
ചരിത്ര പ്രസിദ്ധമായ ശ്രീ ആലത്തിയൂർ പെരും തൃക്കോവിൽ (ഹനുമാൻകാവ്) ക്ഷേത്രം മൂവായിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് ശ്രീ വസിഷ്ഠ മഹർഷിയാൽ പ്രതിഷ്ഠ നടത്തിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. സാമൂതിരി രാജാവിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ ആലത്തിയൂർ പൊയ്‌ലിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഇവിടെ ഉത്തമപുരുഷനായ ശ്രീ രാമസ്വാമി , സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ശ്രീ ഹനുമാൻസ്വാമിക്ക് സീതാദേവിയോട് ഉണർത്തുവാനുള്ള അടയാളവാക്യം ചെവിയിൽ പറഞ്ഞു കൊടുക്കുന്നതും ഈ അടയാളവാക്യം ശ്രവിക്കുവാൻ ഹനുമാൻ സ്വാമി തന്റെ തല സ്വൽപം ഇടതുവശത്തേക്ക് ചരിച്ച് പിടിച്ച രീതിയിലുമാണ് പ്രതിഷ്ഠ. ഈ അടയാളവാക്യം അനുജനായ ലക്ഷ്മണൻ കേൾക്കരുത് എന്നത്കൊണ്ട് ലക്ഷ്മണ ശ്രീ കോവിൽ നാലമ്പലത്തിന് പുറത്ത് വടക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്നു .